
ന്യൂഡൽഹി: കോടതി നിർദേശം പാലിച്ചില്ലെന്ന കാരണത്താൽ ജില്ലാ പൊലീസ് മേധാവിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച ബിഹാറിലെ സെഷൻസ് ജഡ്ജിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കോടതി ഉത്തരവ് അനുസരിക്കാതിരിക്കുന്നത് മാത്രം കോടതിയുടെ സാന്നിധ്യത്തിൽ നടന്ന കുറ്റമായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ജഡ്ജി ‘ബാഹുബലിയെപ്പോലെ പെരുമാറരുത്’ എന്നും അഭിപ്രായപ്പെട്ടു.
ബിഹാറിലെ സസാറാമിൽ റോഹ്താസ് നാലാം അഡീഷണൽ സെഷൻസ് ജഡ്ജിയായിരുന്ന അനിൽ കുമാറിന്റെ നടപടിയാണ് വിമർശനത്തിന് ഇടയാക്കിയത്. ഇദ്ദേഹത്തിനെതിരെ പട്ന ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ ചോദ്യംചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച്.
കോടതി നിർദേശങ്ങൾ മനഃപൂർവം അനുസരിച്ചില്ലെന്നാരോപിച്ച് റോഹ്താസ് ജില്ലാ പൊലീസ് മേധാവിക്കെതിരെ അനിൽ കുമാർ നടപടിയെടുക്കുകയും ഒരു രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. പഴയ ക്രിമിനൽ നടപടിച്ചട്ടത്തിലെ 345-ാം വകുപ്പിന് സമാനമായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്.) 384-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി.
കീഴ്ക്കോടതികളോടുള്ള ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സമീപനത്തെയും സെഷൻസ് ജഡ്ജി വിമർശിച്ചിരുന്നു. ജനാധിപത്യ സംവിധാനത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം നൽകുന്ന തരത്തിൽ പരിശീലനരീതി പരിഷ്കരിക്കണമെന്ന് കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയത്തോട് നിർദേശിക്കുകയും ചെയ്തു.
എന്നാൽ, കോടതിയുടെ സാന്നിധ്യത്തിൽ നടക്കുന്ന കുറ്റവും കോടതി നിർദേശം പാലിക്കാതിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. കോടതിമുറിയിൽ ഒരാളെ മർദിക്കുക, കോടതിയെ അധിക്ഷേപിക്കുക, പുറത്തുപോകാൻ നിർദേശിച്ചിട്ടും വിസമ്മതിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽനിന്ന് വ്യത്യസ്തമാണ് കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനുള്ള നിർദേശം ഒരുദ്യോഗസ്ഥൻ പാലിച്ചില്ലെന്നതുകൊണ്ട് മാത്രം അത് കോടതിയുടെ സാന്നിധ്യത്തിൽ നടന്ന കുറ്റമാകില്ലെന്നും വ്യക്തമാക്കി.
പൊലീസ് മേധാവിയെ നേരിട്ട് വിളിച്ചുവരുത്തി അതേ ദിവസംതന്നെ കുറ്റക്കാരനായി കണ്ടെത്തി പിഴ ചുമത്തിയ നടപടി അതിരുകടന്നതാണെന്നും ബെഞ്ച് വിലയിരുത്തി. ക്രിമിനൽ കോടതിയലക്ഷ്യമുണ്ടെന്ന് തോന്നിയിരുന്നെങ്കിൽ വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു ഉചിതമെന്ന് കോടതി ചൂണ്ടിക്കാട്ടി.
നീതി ഉറപ്പാക്കാനുള്ള ജഡ്ജിയുടെ താൽപര്യം മനസ്സിലാക്കുന്നുണ്ടെങ്കിലും, ന്യായാധിപന്മാർ നടപടിക്രമങ്ങളും അച്ചടക്കവും പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് ബാഗ്ചി ഓർമിപ്പിച്ചു. നീതി നടപ്പാക്കാനുള്ള ആവേശത്തിൽ ഈ നിയന്ത്രണങ്ങൾ മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പട്ന ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങളുടെ കാഠിന്യം കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് വാദത്തിനിടെ സൂചിപ്പിച്ച ബെഞ്ച്, ഹർജിക്കാരനും സ്വയം സംയമനം പാലിക്കണമെന്ന് നിർദേശിച്ചു.
Photo Courtesy - Google










